Translate

Tuesday, February 24, 2015

M Swaraj അദ്ദേഹത്തിനെതിരെയുള വിമർശനങ്ങൾക്ക് മറുപടി



ഹീനമായ നുണകൾക്ക് സത്യത്തെ തകർക്കാനാവില്ല.
ഹീനമായ നുണകൾ പ്രചരിപ്പിച്ചുകൊണ്ട് ഇഷ്ടമില്ലാത്തവരെ വേട്ടയാടുന്ന നീചമായ അക്രമണങ്ങൾക്ക് ചരിത്രത്തിൽ എത്രയോ ഉദാഹരണങ്ങളുണ്ട്. എന്നാൽ ആധുനിക സമൂഹത്തിലും ഇത്തരം അക്രമണരീതികൾ തന്നെ അവലംബിക്കുന്നവരുടെ മാനസികാവസ്ഥ വിചിത്രമെന്നല്ലാതെ മറ്റെന്തു പറയാൻ.
ഏറെ നാളുകളായി മനസറിയാത്ത കാര്യങ്ങൾക്ക് പഴി കേൾക്കേണ്ടിവരുന്ന ഒരാളാണ് ഞാൻ. പറയുകയോ, ചിന്തിക്കുകപോലുമോ ചെയ്യാത്ത കാര്യങ്ങളുടെ പേരിൽ ആക്ഷേപങ്ങൾ ഏറ്റുവാങ്ങേണ്ടി വരുമ്പോൾ ആദ്യകാലങ്ങളിലുണ്ടായ മാനസിക പ്രയാസമൊന്നും ഇപ്പോഴില്ല. ഈ ഗണത്തിൽപ്പെടുന്ന നിരവധി അനുഭവങ്ങളെ ഒട്ടൊക്കെ നിസംഗതയോടെ മാത്രമാണ് ഇപ്പോൾ ഓർക്കാൻ കഴിയുന്നത്. തുടർച്ചയായി ഇത്തരം അനുഭവങ്ങൾ ഉണ്ടാകുമ്പോൾ ഇങ്ങനെയുള്ള പ്രചരണങ്ങളെയൊക്കെ നിസ്സാരമായി അവഗണിച്ചുതള്ളാൻ കഴിയുന്ന മാനസികാവസ്ഥയിലേക്ക് നമ്മളെത്തിച്ചേരും.
എന്നാൽ ഇപ്പോഴുണ്ടായിരിക്കുന്നത് എല്ലാ അതിർവരമ്പുകളും ലംഘിച്ചുകൊണ്ടുള്ള നീചമായ നുണപ്രചരണമാണ്. സി.പി.ഐ(എം) സംസ്ഥാന സമ്മേളനത്തിൽ 'വി.എസിനെ വെട്ടി പട്ടിക്ക് ഇട്ടുകൊടുക്കണമെന്ന് ഞാൻ പറഞ്ഞതായാണ് പ്രചരണം'! ഒരു മലയാള ദിനപ്പത്രമാണ് ഇങ്ങനെയൊരു വാർത്തയെഴുതിയത്. മനുഷ്യനെ വെട്ടിമുറിച്ച് പട്ടിയുടെ മുന്നിലേക്ക് ഇട്ടുകൊടുക്കണമെന്ന് പറയാൻ മടിയില്ലാത്ത ഒരു നീചനാണ് ഞാൻ എന്നു പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവരുടെ മാനസികാവസ്ഥ എത്രമാത്രം വികൃതമാണെന്ന് ഓർക്കുമ്പോൾ നടുങ്ങിപ്പോകുന്നു.
പിന്നീട് ആ ദിനപ്പത്രത്തിന്റെ ഓൺലൈൻ എഡിഷനിലും മറ്റൊരു ഓൺലൈൻ പത്രത്തിലും ഈ വാർത്ത വരികയുണ്ടായി. അതിന്റെ ചുവടുപിടിച്ച് സൈബർലോകത്തും പുറത്തും വമ്പിച്ച അക്രമണങ്ങളാണ് എനിക്കെതിരെ നടന്നുകൊണ്ടിരിക്കുന്നത്. വാർത്ത അടിസ്ഥാനരഹിതമാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് മേൽപറഞ്ഞ രണ്ട് ഓൺലൈൻ മാധ്യമങ്ങളും വാർത്ത പിൻവലിക്കുകയുമുണ്ടായി. എന്നാൽ നുണപ്രചരണം നടത്തുന്നവർക്ക് ഇതൊന്നും ബാധകമല്ലല്ലോ.
സി.പി.ഐ(എം) ന്റെ സംസ്ഥാനസമ്മേളനത്തിൽ ഇങ്ങനെ ഒരു പരാമർശമുണ്ടാകുമോ എന്ന് ചിന്തിക്കുവാനുള്ള പ്രാഥമികമായ ബോധമെങ്കിലുമുള്ളവർ ഇതൊക്കെ തള്ളിക്കളയുമെന്ന് ഉറപ്പാണ്. എന്നാൽ ദുഷ്ടലാക്കോടെ പ്രചരണം നടത്തുന്നവരുടെ ഉദ്ദേശം വ്യക്തമാണല്ലോ. മുൻപും ഈ രീതിയിലുള്ള പ്രചരണങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ 'ക്യാപിറ്റൽ പണിഷ്‌മെന്റ്' വി.എസിന് നൽകണമെന്ന് ഞാൻ പറഞ്ഞതായിട്ടായിരുന്നു പ്രചരണം. ചിലർ അത് വി.എസിനെ തൂക്കിലേറ്റണം എന്ന് പറഞ്ഞതായി തന്നെ പ്രചരിക്കുകയുണ്ടായി. പാർടിയിൽ ഇത്തരം ശിക്ഷകളൊന്നും ഇല്ലെന്നുപോലും പ്രചരണകാർക്ക് പ്രശ്‌നമായിരുന്നില്ല.
ഇതൊക്കെ സമ്പൂർണമായി അവഗണിച്ച് തള്ളുകയും വ്യക്തിപരമായി ഉയരുന്ന ആക്ഷേപങ്ങൾക്ക് മറുപടി പറയാതിരിക്കുകയും ചെയ്യുന്ന എന്റെ ശൈലി നുണപ്രചരണക്കാർ ഒരു സൗകര്യമായി എടുത്തുവെന്നാണ് തോന്നുന്നത്. ഇപ്പോഴത്തെ പ്രചരണം എല്ലാ അതിരുകളും ലംഘിച്ച ഘട്ടത്തിൽ ഇക്കാര്യത്തിൽ ഒരു വിശദീകരണം നന്നായിരിക്കുമെന്ന സുഹൃത്തുക്കളുടെ അഭ്യർത്ഥനയെ മാനിച്ചാണ് ഇപ്പോഴിങ്ങനെയൊരു കുറിപ്പ് എഴുതുന്നത്. പറയാത്ത കാര്യങ്ങളുടെ പേരിൽ എന്തിന് ഇങ്ങനെ പഴികേൾക്കണമെന്ന് പലഘട്ടങ്ങളിലും പലരും സൂചിപ്പിച്ചിട്ടുള്ളതും ഇവിടെ ഞാനോർക്കുന്നു.
മേൽപറഞ്ഞ പരാമർശങ്ങൾ ഞാൻ പറയുകയോ ചിന്തിക്കുകപോലുമോ ചെയ്തിട്ടുള്ളതല്ലെന്ന് ഞാൻ വ്യക്തമാക്കുന്നു. വി.എസ്. പാർടിയുടെ സമുന്നതനായ നേതാവാണ്. അദ്ദേഹം ത്യാഗം സഹിച്ചിട്ടില്ലെന്ന് ഞാൻ പറഞ്ഞതായും ഒരു പത്രമെഴുതിയിരുന്നു. എന്തൊരു അസംബന്ധമാണിത്? ഒരു ദിവസമെങ്കിലും പാർടിക്ക് വേണ്ടി പ്രവർത്തിച്ചിട്ടുള്ളവർപോലും അതിനനുസരിച്ചുള്ള ത്യാഗം സഹിച്ചിട്ടുള്ളവരാണ്. അപ്പോൾ പതിറ്റാണ്ടുകൾ നീണ്ടുനിന്ന പ്രവർത്തനാനുഭവമുള്ള വി.എസിനെപോലുള്ളവരുടെ ത്യാഗം കാണാതിരിക്കാൻ ആർക്കാണ് സാധിക്കുക. ത്യാഗനിർഭരവും, ധീരതാപൂർണവുമായ ഒരു കാലഘട്ടത്തിന്റെ സൃഷ്ടിയാണ് വി.എസ്. സമാനതകളില്ലാത്ത ചരിത്രാനുഭവങ്ങളിലൂടെ കടന്നുവന്ന വി.എസിനോട് എന്നും ആദരവുമാത്രമാണുള്ളത്. അത് ഇനിയും തുടരും. നേതൃത്വത്തിനുനേരെ വിമർശനങ്ങൾ സ്വാഭാവികമാണ്. ചർച്ചകളുടെ സ്വഭാവം തന്നെ വിമർശനവും സ്വയംവിമർശനവുമാണ്. എല്ലാ വിമർശനങ്ങളും പാർടിയുടെ അന്തസ്സിനു അനുസരിച്ച് മാത്രമാണ് സമ്മേളനങ്ങളിലുണ്ടാവുകയെന്ന് നുണപ്രചരണക്കാർ മനസ്സിലാക്കണം.
ഞാൻ പറഞ്ഞ ഏതെങ്കിലുമൊരു പരാമർശത്തിന്റെ പേരിൽ ഏത് വിമർശനത്തിനും എനിക്കർഹതയുണ്ട്. എന്നാൽ ഞാൻ ചിന്തിക്കാത്ത കാര്യങ്ങളുടെ പേരിൽ എന്നെ ആക്രമിക്കുന്നതിൽ എന്ത് നീതിയാണുള്ളത്? കൃഷ്ണപിള്ളയും, എ.കെ.ജിയും, ഇ.എം.എസും തുടങ്ങി വി.എസും, പിണറായിയും, കോടിയേരിയും ഒക്കെ മഹാന്മാരായ നേതാക്കന്മാരാണെന്നും എന്നാൽ ഇവരെക്കാൾ മഹത്തരമാണ് കമ്യൂണിസ്റ്റ് പാർടിയെന്നും ഞാൻ കരുതുന്നു. എനിക്കങ്ങനെ മാത്രമെ ചിന്തിക്കാനാവൂ. ഏതൊരു നേതാവിനെയും വിമർശിക്കുവാനുള്ള അവകാശം ഏതൊരു പാർടിയംഗത്തിനുമുണ്ട്. എന്നാൽ അത്തരം വിമർശനങ്ങൾ അന്തസ്സോടെയാണ് ഉയർത്തേണ്ടത് എന്നത് മനസിലാക്കിയിട്ടുള്ളവരാണ് ഞങ്ങളെല്ലാം. ഇല്ലാത്ത പരാമർശങ്ങളുടെ പേരിലുള്ള ഹീനമായ പ്രചരണങ്ങൾ ഇനിയെങ്കിലും ബന്ധപ്പെട്ടവർ അവസാനിപ്പിക്കണം. മനസ്സറിയാത്ത കാര്യങ്ങളുടെ പേരിൽ എന്നെ തെറിവിളിക്കുന്നതുകൊണ്ട് ആർക്കെങ്കിലും പ്രത്യേകമായ മനസുഖം കിട്ടുന്നുണ്ടെങ്കിൽ അവരത് തുടരുന്നതിൽ എനിക്ക് വിഷമവുമില്ല.

No comments:

Post a Comment